ഗ്യാസ് ടാങ്കർ മറിഞ്ഞു; ആശങ്കയുടെ രാപ്പകൽ
text_fieldsനിയന്ത്രണംവിട്ട് പഴയങ്ങാടി പാലത്തിനു മുകളിൽ മറിഞ്ഞ ടാങ്കർ ലോറി
പഴയങ്ങാടി: നാടിനെ ആശങ്കയുടെ മുൾമുനയിലാക്കി പഴയങ്ങാടി പാലത്തിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. വാതക ചോർച്ചയില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച പുലർച്ച 1.30 ഓടെയാണ് മംഗളൂരുവിൽ നിന്ന് മലപ്പുറം ചേളാരിയിലേക്ക് പാചക വാതകവുമായി പോവുകയായിരുന്ന ഇന്ത്യൻ ഓയൽ കോർപറേഷന്റെ ടാങ്കർ ലോറി മറിഞ്ഞത്.

നിയന്ത്രണം വിട്ട ലോറി ഒരു ടെമ്പോ ട്രാവലറിനിടിച്ച് മുന്നോട്ടു നീങ്ങി രണ്ട് കാറുകൾക്കിടിച്ചാണ് മറിഞ്ഞത്.
കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വരുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറിന് മുകളിലാണ് ടാങ്കർ പതിച്ചത്. ട്രാവലറിൽ സഞ്ചരിച്ചിരുന്ന എട്ടു പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റ ട്രാവലറിലെ യാത്രക്കാരും പരിക്കേറ്റ ടാങ്കർ ലോറി ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാറും (40) കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
അപകടത്തെ തുടർന്ന് പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാതയിൽ 16 മണിക്കൂറോളം ഗതാഗതം മുടങ്ങി. ഐ.ഒ.സി അധികൃതരെത്തിച്ച മറ്റൊരു കാബിനിൽ കുപ്പം ഖലാസികളുടെ സഹായത്തോടെ അപകടത്തിൽ പെട്ട ടാങ്കർ ഘടിപ്പിച്ച് മാറ്റിയതോടെ വൈകീട്ട് അഞ്ചിനാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.

