മന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവം: നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
text_fieldsമാഹി: മന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 11ഓടെ സെമിത്തേരി റോഡ് കവലയിൽ ബി.ജെ.പി പ്രവർത്തകർ മന്ത്രി എം. കന്തസാമിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചതായാണ് കേസ്. പള്ളൂർ മണ്ടപ്പറമ്പത്ത് കോളനിയിലെ ചന്ദ്രൻ എന്ന കോളനി ചന്ദ്രൻ (54), ചെമ്പ്ര കുണ്ടുപറമ്പത്ത് ഹൗസിൽ അനീഷ് കുമാർ (51), നാലുതറ അംബികാപുരിയിൽ പി.ടി. ദേവരാജൻ (62), ഇടയിൽപീടിക കോമത്ത് താഴെ കുനിയിൽ കെ.ടി.കെ. രവീന്ദ്രൻ (57) എന്നീ നാലുപേരെയാണ് അറസ്റ്റ്ചെയ്തത്. കോവിഡ് പരിശോധനക്കു ശേഷം മാഹി കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കരിങ്കൊടിക്കാരെ മാറ്റാൻ പൊലീസ് നടത്തിയ ശ്രമത്തിൽ ഉണ്ടായ സംഘർഷത്തിൽ രണ്ട് എ.എസ്.ഐമാർക്ക് പരിക്കേറ്റിരുന്നു. അറസ്റ്റ് ചെയ്ത നാലുപേരെ കൂടാതെ എ. സുനിൽ, പ്രേമൻ, മനോജ് എന്നിവരും കണ്ടാലറിയാവുന്ന ഏതാനും ബി.ജെ.പി പ്രവർത്തകരുടെ പേരിലും പൊലീസ് കേസെടുത്തു.

