കള്ളത്തോക്ക് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsആലക്കോട്: കള്ളത്തോക്ക് പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. ഉദയഗിരി താബോറിലെ മുളംകുഴിയില്‍ റോബിന് തോമസിനെ (37) നെയാണ് ആലക്കോട് എസ്.എച്ച്.ഒ സി.പി. ജിജേഷ് അറസ്റ്റ് ചെയ്തത്. 2013 ഫെബ്രുവരിയില്‍ നാടന്‍ കള്ളത്തോക്ക് സഹിതം കാപ്പിമല മഞ്ഞപ്പുല്ലിന് സമീപം കരാമരംതട്ടില്‍ വെച്ച് റോബിനെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ ജയിലിലായിരുന്ന റോബിന് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കേസ് പിന്നീട് വനംവകുപ്പ് പൊലീസിന് കൈമാറിയിരുന്നു. കര്‍ണാടകയിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്നു റോബിന്. 2022ല്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

