റെയിൽവേ ജീവനക്കാരിയെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ
text_fields
ചെറുകുന്ന്: ജോലിക്കിടയിൽ റെയിൽവേ ജീവനക്കാരിയെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തിയ പ്രതിയെ കണ്ണപുരം പൊലീസ് പിടികൂടി. അന്തർ സംസ്ഥാനക്കാരനായ ചെറുകുന്നിലെ അൽഫ ഹോട്ടൽ ജീവനക്കാരൻ ശംഭുനാഥ് ജാനയാണ് (31) പിടിയിലായത്.
ചെറുകുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകുന്ന് കോൺവെൻറ് റോഡ് എൽ.സി നമ്പർ 253 റെയിൽവേ ഗേറ്റിലെ പോയൻറ്സ്വിമൻ ജോലി ചെയ്യുകയായിരുന്ന പി. മേനകയെയാണ്(37) ഗേറ്റ് ലോഡ്ജിൽ ശംഭുനാഥ് ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ 26ന് അർധരാത്രിയായിരുന്നു സംഭവം. സുമാർ 30 വയസ്സ് തോന്നിക്കുന്ന കണ്ടാലറിയാവുന്ന പുരുഷനാണ് ഗേറ്റ് ലോഡ്ജിനകത്തേക്ക് കൈയിൽ കത്തിയുമായി അതിക്രമിച്ചുകയറി മേനകയെ തടഞ്ഞ് ഭീഷണിപ്പെടുത്തിയത്.
പ്രതിയിൽ നിന്ന് രക്ഷപ്പെടാൻ മേനക പെപ്പർ സ്പ്രേ ഉപയോഗിക്കുകയായിരുന്നു. മേനകയുടെ പരാതി പ്രകാരമാണ് കണ്ണപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

