കാടുമൂടി കണ്ണൂർ എയർപോർട്ട് റോഡ്, അനക്കമില്ലാതെ അധികൃതർ
text_fieldsഅഞ്ചരക്കണ്ടി -മട്ടന്നൂർ റോഡിന്റെ
വശങ്ങൾ കാടുമൂടിയ നിലയിൽ
അഞ്ചരക്കണ്ടി: കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള അഞ്ചരക്കണ്ടി -മട്ടന്നൂർ റോഡ് ഇരുവശങ്ങളിലും കാടുമൂടിയ നിലയിൽ. വീതികുറഞ്ഞ റോഡിന്റെ രണ്ട് വശങ്ങളിലും കാട് കൈയേറിയതോടെ യാത്ര കൂടുതൽ ദുഷ്കരമാവുകയാണ്. മൈലാടി, വെൺമണൽ, ചെറിയവളപ്പ്, കീഴല്ലൂർ, കാര തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ രീതിയിൽ റോഡിന്റെ വശങ്ങൾ കാട് പിടിച്ചിരിക്കുന്നത്. ഒരേസമയം രണ്ട് വാഹനങ്ങൾ കടന്നുപോവുമ്പോൾ യാത്രക്കാർക്ക് കൂടുതൽ പ്രയാസം ഉണ്ടാക്കുന്നു. കാൽനടയാത്രക്കാർക്കും കാടുപിടിച്ച റോഡിന്റെ അരിക് ചേർന്ന് നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. രാത്രി സമയങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതോടെ നായകൾ കൂട്ടത്തോടെ എത്തുന്നത് രാവിലെയുള്ള യാത്രക്കാർക്കും ഏറെ അപകടമാവുന്നു. സിഗ്നൽ ബോർഡുകൾ പോലും കാടുമൂടിയ നിലയിലാണ് മിക്കയിടങ്ങളിലും ഉള്ളത്. പ്രധാന റോഡിന്റെ വശങ്ങൾ കാടുമൂടി കിടന്നിട്ടും അധികൃതർക്ക് അനക്കമില്ലെന്നാണ് പരിസരവാസികൾ പറയുന്നത്.

