മാനസയുടെ മൃതദേഹം എത്തിച്ച് മടങ്ങവേ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; രണ്ടുപേർക്ക് പരിക്ക്
text_fieldsകണ്ണൂർ: കോതമംഗലത്ത് യുവാവ് വെടിവെച്ച് കൊന്ന കണ്ണൂർ നാറാത്തെ മാനസയുടെ മൃതദേഹം നാട്ടിലെത്തിച്ച് മടങ്ങവേ ആംബുലൻസ് അപകടത്തിൽപെട്ടു. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.50-ഓടെ മാഹിപ്പാലത്തിന് സമീപം പരിമഠത്തായിരുന്നു അപകടം.
എറണാകുളം പുന്നേക്കാട് സ്വദേശി എമില്‍ മാത്യു, വട്ടം പാറ സ്വദേശി ബിട്ടു കുര്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജിൽ ബി.ഡി.എസ് പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കണ്ണൂർ നാറാത്ത് രണ്ടാം മൈൽ പാർവണം പി.വി. മാനസയാണ് (24) വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയും സുഹൃത്തുമായ പാലയാട് മേലൂർ രാഹുൽ നിവാസിൽ രഖിൽ പി. രഘൂത്തമൻ മാനസയെ കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. മാനസയും മൂന്ന് കൂട്ടുകാരികളും താമസിക്കുന്ന കെട്ടിടത്തിൽ അതിക്രമിച്ച് കയറിയ രഖിൽ യുവതിയെ തൊട്ടടുത്ത മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിലടച്ചശേഷം പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

