ആരോഗ്യവകുപ്പ് പരിശോധന; പാക്കറ്റ് ഭക്ഷണങ്ങളിലെ പാക്കിങ് തീയതികളില്‍ കൃത്രിമം കണ്ടെത്തി
text_fieldsആരോഗ്യവകുപ്പ് കണ്ടെത്തിയ
തീയതി മുന്‍കൂട്ടി എഴുതിയിരിക്കുന്ന മിക്ചര്‍ പാക്കറ്റ്
നെടുങ്കണ്ടം: ഹൈറേഞ്ചിലെ വ്യാപാര സ്ഥാപനങ്ങളില്‍ വില്പന നടത്തുന്ന പാക്കറ്റുകളിലാക്കിയ ഭക്ഷണ പദാർഥങ്ങളില്‍ പാക്കിങ് തീയതികളില്‍ കൃത്രിമം കാട്ടുന്നതായി കണ്ടെത്തൽ. ചൊവ്വാഴ്ച പട്ടംകോളനി ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജെജി ജോര്‍ജ്, ഷെറിന് രാജ്, പ്രതീഷ്കുമാര്‍, മഞ്ജു എന്നിവര്‍ കടകളില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്.
ഭക്ഷണ പദാർഥങ്ങളിലെ പാക്കിങ് തീയതി മുന്‍കൂട്ടി എഴുതിവെച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്. എട്ടാം തീയതി നടത്തിയ പരിശോധനയില്‍ വില്പനക്ക് വെച്ചിരുന്ന മിക്ചര്‍ പാക്കറ്റില്‍ പാക്കിങ് തീയതി ഒമ്പതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രവുമല്ല പാക്കിങ് തീയതിയും തൂക്കവും മറ്റും രേഖപ്പെടുത്തിയിരിക്കുന്ന സ്റ്റിക്കര്‍ പാക്കറ്റിനകത്ത് വെക്കേണ്ടതിന് പകരം പുറത്ത് ഒട്ടിച്ചിരിക്കുകയാണ്.
നെടുങ്കണ്ടം പഞ്ചായത്തിലെ കല്ലാറ്റിലെ കടയില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്. പാമ്പാടുംപാറ പഞ്ചായത്തിലാണ് മിക്ചര്‍ നിര്‍മാണ യൂനിറ്റെന്ന് കണ്ടെത്തി. തുടര്‍ നടപടിക്കായി പാമ്പാടുംപാറ മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രശാന്തിന് രേഖാമൂലം കത്ത് നല്കി.
പാക്കറ്റില്‍ കാണിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരിധിക്ക് പുറത്താണ്. നടപടി സ്വീകരിക്കാന്‍ അധികാരം ഫുഡ് ആൻഡ് സേഫ്റ്റിക്ക് ആയതിനാല്‍ ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കും.

