വീട്ടിൽ പ്രസവം; യുവതിക്ക് രക്ഷകരായി ആംബുലൻസ് ജീവനക്കാർ
text_fieldsആംബുലൻസ് പൈലറ്റ് മോൺസൻ പി. സണ്ണിയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിന്റു റോസ് വർഗീസും
ഇടുക്കി: വീട്ടിൽ പ്രസവിച്ച അന്തർസംസ്ഥാന തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. നെടുങ്കണ്ടം ചെമ്പകക്കുഴിയിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ ഷിബ്പൂർ സ്വദേശി സമീറിന്റെ ഭാര്യ മർഫയാണ് (20) വെള്ളിയാഴ്ച പുലർച്ച രണ്ടരയോടെ വീട്ടിൽ ആൺകുഞ്ഞിന് ജന്മംനൽകിയത്.
മർഫക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് പൈലറ്റ് മോൺസൻ പി. സണ്ണി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിന്റു റോസ് വർഗീസ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു.
എന്നാൽ, ആംബുലൻസ് എത്തും മുമ്പ് തന്നെ മർഫ കുഞ്ഞിന് ജന്മംനൽകി. സ്ഥലത്തെത്തിയ ഉടൻ ഷിന്റു പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന്, ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

