എൻജിനീയറിങ് എൻട്രൻസ് പരീക്ഷ: ഇടുക്കിയിലെ ഉയർന്ന റാങ്ക് ആദിത്യ ആനന്ദിന്
text_fieldsതൊടുപുഴ: സംസ്ഥാന എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഇടുക്കിയിലെ ഉയർന്ന റാങ്ക് ആദിത്യ ആനന്ദിന്. സംസ്ഥാനതലത്തിൽ 18ാം റാങ്കാണ് നേടിയിരിക്കുന്നത്. മൂന്നുവർഷമായി എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്കായി തയാറെടുക്കുന്നുണ്ട്.
മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. ഇതിനൊപ്പമാണ് പാലാ ബ്രില്യന്റിന്റെ കീഴിൽ പ്രവേശന പരീക്ഷക്ക് പരിശീലനം നേടിയത്.
ജെ.ഇ.ഇ (അഡ്വാൻസ്ഡ്) പരീക്ഷയിൽ 2080ാം റാങ്ക് നേടിയിരുന്നു. ഐ.ഐ.ടിയിൽ പഠിക്കാനാണ് ആഗ്രഹം. കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ തൊടുപുഴ കൈതക്കാട്ടുമഠം വീട്ടിൽ എൻ. ആനന്ദിന്റെയും മഞ്ജുവിന്റെയും മകനാണ്. സഹോദരൻ ആകാശ് ആനന്ദ് കോട്ടയം മെഡിക്കൽ കോളജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്.

