വിദേശമദ്യവുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ
രതീഷ്
കട്ടപ്പന: വിൽപനക്ക് സൂക്ഷിച്ച 16.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മാട്ടുത്താവളം ബ്രാഞ്ച് സെക്രട്ടറി മങ്ങാട്ടുശേരിൽ എം.ആർ. രതീഷിനെയാണ് (40) പീരുമേട് എക്സൈസ് ഇൻസ്പെക്ടർ പി.കെ. സതീഷും സംഘവും അറസ്റ്റ് ചെയ്തത്. സമാന സംഭവത്തിൽ മുമ്പും ഇയാൾക്കെതിരെ കേസ് ഉണ്ടായിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച രാവിലെ 11ഓടെ നടത്തിയ റെയ്ഡിൽ ടെറസിൽ ഒളിപ്പിച്ച നിലയിലാണ് അരലിറ്ററിന്റെ 33 കുപ്പി മദ്യം കണ്ടെത്തിയത്. ബിവറേജിന്റെ ചില്ലറ വിൽപനശാല അവധിയായതിനാൽ വിൽപന നടത്താനാണ് മദ്യം വാങ്ങി സൂക്ഷിച്ചത്. പ്രിവന്റിവ് ഓഫിസർമാരായ വി.പി. സാബുലാൽ, സുരേഷ് ബാബു, അഭിലാഷ്, ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസർമാരായ പി.ഡി. സേവ്യർ, ഷിജു ദാമോദരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.എസ്. അനീഷ്, രാജു പി. ഭാസ്കർ, സലീഷ വി. ഹമീദ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

