പന്ത്രണ്ടുകാരൻ വീട്ടുകാരെ മുൾമുനയിൽ നിർത്തിയത് 10 മണിക്കൂർ
text_fieldsചെറുതോണി: തോപ്രാംകുടി സ്വദേശി പന്ത്രണ്ടുകാരൻ വീട്ടുകാരെയും നാട്ടുകാരെയും പൊലീസിനെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയത് ഒരു രാത്രി മുഴുവൻ. വീടുവിട്ട കുട്ടിയെ തിരഞ്ഞാണ് ഒരു ഗ്രാമം മുഴുവൻ ഉറക്കമൊഴിച്ചത്.
മാതാപിതാക്കൾ ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടിയെ കണ്ടില്ല. പരിഭ്രാന്തരായ ഇവർ അറിയിച്ചതനുസരച്ച് നാട്ടുകാരും മുരിക്കാശ്ശേരി പൊലീസും ചേർന്ന് ഒരു രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കുട്ടിയെ കാണാനില്ലെന്ന വിവരം ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിച്ചു. ഒടുവിൽ വ്യാഴാഴ്ച രാവിലെ മൂന്നു കിലോമീറ്റർ അകലെ പടമുഖം പള്ളിയിലെ സ്റ്റേജിന് പിന്നിൽ കുട്ടിയെ കണ്ടെത്തിയതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്ക വഴിമാറിയത്. മാതാവ് വഴക്കു പറഞ്ഞതിനാണ് വീടുവിട്ടതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

