കരാറുകാരൻ നടപ്പാത കൈയേറി; കാൽനട യാത്രക്കാർ ത്രിശങ്കുവിൽ
text_fieldsകല്ലാർകുട്ടി റോഡിൽ നടപ്പാത കൈയേറി ആശുപത്രി നിർമാണ കരാറുകാരൻ ഇഷ്ടിക ഇറക്കിവെച്ചിരിക്കുന്നു
അടിമാലി: അടിമാലി-കല്ലാർകുട്ടി റോഡിൽ താലൂക്കാശുപത്രി നിർമാണ കരാറുകാരൻ നടപ്പാത കൈയേറി നിർമാണ സാമഗ്രികളിറക്കി വെച്ചത് കാൽ നടയാത്രക്കാർക്ക് ദുരിതമായി.
ആശുപത്രി കെട്ടിടം പണിയും മതിൽ നിർമാണവും 80 ശതമാനത്തിലേറെ പിന്നിട്ടപ്പോഴും മതിലിന് പുറത്ത് റോഡ് സൈഡിൽ കാൽ നടയാത്രക്കാർക്ക് നിർമിച്ചു നൽകിയ നടപ്പാതയിലാണ് ആശുപത്രി നിർമാണത്തിനായി കൊണ്ടുവന്ന ഇഷ്ടികയുൾപ്പെടെയുള്ള നിർമാണ വസ്തുക്കൾ ഇറക്കിവെച്ചിരിക്കുന്നത്. ഇതോടെ, നടപ്പാത നഷ്ടമായ യാത്രികർ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്ന പാതയിലൂടെ ജീവൻ കൈയിൽ പിടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്.
പൊലീസും ടൗണിലെ ചുമട്ട് തൊഴിലാളികളും ഈ വിഷയം പരിഹരിക്കണമെന്ന് കാരാറുകാരോടും ആശുപത്രി അധികൃതരോടും പല കുറി ആവശ്യപ്പെട്ടെങ്കിലും പരിഹാരം കാണാൻ ഒരു നടപടിയുമില്ല. ചോദ്യം ചെയ്യുന്നവരെ കരാറുകാരും തൊഴിലാളികളും കായികമായി നേരിട്ട സംഭവങ്ങൾ വരെയുണ്ടായി.
അടിമാലിയിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന റോഡാണ് കല്ലാർകുട്ടി റോഡ്. ഇതിനു പുറമെ, ഈ ഭാഗത്ത് അനധികൃത പാർക്കിങ് കൂടിയായതോടെ ജനം ത്രിശങ്കുവിലാണ്. നടപ്പാതയിലും റോഡരികിലും നിർമാണ വസ്തുക്കളും വാഹനങ്ങളും നിറഞ്ഞതിനാൽ റോഡിലൂടെ വാഹനം ഓടിക്കുന്നവരും ദുരിതത്തിലാണ്. ആശുപത്രി അത്യാഹിത വിഭാഗത്തിനുമുന്നിൽ പോലും അനധികൃത വാഹന പാർക്കിങ്ങാണ്. ഇതോടെ, രോഗികളുമായി എത്തുന്നവരും ബുദ്ധിമുട്ടിലാണ്.

