തൃപ്പൂണിത്തുറയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് വീട്ടില്‍ മരിച്ച നിലയിൽ
text_fieldsതൃപ്പൂണിത്തുറ: ഉദയംപേരൂര്‍ നടക്കാവിനുസമീപം ചിത്തിരനിവാസില്‍ മണിയുടെ മകന് നിധിന്‍കുമാര്‍ (42) ദുരൂഹസാഹചര്യത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ച നാലിന് വീട്ടില്‍ നിധിന്‍കുമാര്‍ വീണുകിടക്കുന്നതുകണ്ട് മാതാവ് അമ്മിണിക്കുട്ടിയാണ് പരിസരവാസികളെ വിവരം അറിയിച്ചത്. ഉടന്‍ ഉദയംപേരൂര്‍ പൊലീസ് എത്തി ആംബുലന്‍സില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
വ്യാഴാഴ്ച രാത്രി ഇവരുടെ വീട്ടില്‍െവച്ച് ബന്ധുക്കളുമായി വാക്തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നിധിന്കുമാറുമായി തര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്ന് ഭാര്യ രമ്യ വിളിച്ചതനുസരിച്ച് രണ്ട് ബന്ധുക്കൾ വീട്ടിലെത്തുകയും നിധിന്കുമാറുമായി അടിപിടിയുണ്ടാവുകയും ചെയ്തതായി പറയുന്നു.
ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നിര്‍ദേശപ്രകാരം എസ്.ഐ ബിജുവും സംഘവും ചാലക്കുടിയില്‍ എത്തി രണ്ട് ബന്ധുക്കളെ കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

