അപകടത്തിൽപെട്ട കാർ നീക്കുന്നില്ല; ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരണം മുടങ്ങി
text_fieldsദേശീയപാത ഗാരേജ് ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽപ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയ ഇന്നോവ കാർ
ചൂർണിക്കര: അപകടം നടന്ന് ഒരാഴ്ചയായിട്ടും കാർ നീക്കാത്തതിനാൽ ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരണം മുടങ്ങി. ദേശീയപാതയിൽ ഗാരേജ് ബസ് സ്റ്റോപ്പിലാണ് കഴിഞ്ഞ 24ന് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഇന്നോവ കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി രണ്ട് തൂണുകൾ സ്ഥാപിച്ചതിന് പിന്നാലെയാണ് അപകടം. അപകടത്തിൽ ഒരു തൂണ് വളയുകയും ചെയ്തിരുന്നു. നവീകരണ പ്രവർത്തനങ്ങൾ നടത്താൻ കാർ നീക്കണമെന്ന് പഞ്ചായത്ത് അധികൃതർ പലതവണ ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായിട്ടില്ലത്രെ. തിരക്കേറിയ ബസ് സ്റ്റോപ്പിൽ നിലവിൽ യാത്രക്കാർ മഴയത്ത് ബസ് കാത്ത് നിൽക്കേണ്ട ഗതികേടിലാണ്.

