പെൻഷൻ ഫണ്ടിൽനിന്ന് പണം തട്ടിയ ക്ലർക്കിന് ഏഴുവർഷം തടവ്
text_fieldsമൂവാറ്റുപുഴ: പെൻഷൻ ഫണ്ടിൽനിന്ന് പണം തട്ടിയെടുത്ത കേസിൽ കൊച്ചി കോർപറേഷനിലെ യു.ഡി ക്ലർക്കിനെ ഏഴുവർഷം കഠിനതടവിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചു. 6,20,000 രൂപ പിഴയും അടക്കണം. എറണാകുളം നായരമ്പലം തെക്കിനേഴത്ത് സുധീറിനെയാണ് വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ശിക്ഷിച്ചത്.
കൊച്ചി കോർപറേഷൻ അക്കൗണ്ട് സെക്ഷനിൽ ക്ലർക്ക് ആയിരിക്കെ 2004 ഡിസംബർ മൂന്ന് മുതൽ ആറ് വരെയുള്ള മൂന്ന് ദിവസത്തിലായി 5,35,487 രൂപ അപഹരിച്ചെന്നാണ് കേസ്. പെൻഷനുമായി ബന്ധപ്പെട്ട കണക്കുകളിൽ കൃത്രിമം കാണിച്ചാണ് വെട്ടിപ്പ് നടത്തിയത്.
വിജിലൻസ് ഡിവൈ.എസ്.പി സി.എസ്. മജീദാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രാജ്മോഹൻ ആർ. പിള്ള ഹാജരായി.

