മെഡിക്കൽ കോളജിലെ മാലിന്യം കത്തിക്കൽ:ഗുരുതര വീഴ്ചയെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്
text_fieldsകളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് അടക്കം അലക്ഷ്യമായി കത്തിക്കുന്നതായ സംഭവത്തിൽ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. ആശുപത്രിയിലെ ഉപയോഗശേഷമുള്ള സിറിഞ്ചുകളും നീഡിലും ബയോ മെഡിക്കൽ മാലിന്യവും ഭക്ഷ്യമാലിന്യത്തോടൊപ്പം കുഴിയിൽ തള്ളുന്നതായാണ് കണ്ടെത്തിയത്. ബയോ മെഡിക്കൽ മാലിന്യം രണ്ട് കുഴിയിലാണ് കത്തിക്കുന്നത്. ബയോഗ്യാസ് പ്ലാൻറ്, ബയോ ബിന്നുകൾ ഉപയോഗപ്പെടുത്തുന്നില്ല. ഇത് 2016ലെ ബയോ മെഡിക്കൽ നിയമത്തിന് വിരുദ്ധമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ബയോ മെഡിക്കൽ മാലിന്യം തുറസായ സ്ഥലത്ത് കുഴിയിലിടുന്നത് മഴയിൽ ഒലിച്ച് പരിസര പ്രദേശത്തേക്ക് വ്യാപിക്കും. സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് പ്രവർത്തിക്കുന്നിെല്ലന്നാണ് മറ്റൊരു കണ്ടെത്തൽ. സെപ്റ്റിക് മാലിന്യം സംസ്കരിക്കാതെ ഒഴുകുകയാണ്.
അന്വേഷണ റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ സ്റ്റേറ്റ് ലെവൽ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളക്ക് സമർപ്പിച്ചു. മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് അടക്കം ആശുപത്രി മാലിന്യം കുഴിയെടുത്ത് അലക്ഷ്യമായി കത്തിക്കുന്നതായി ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളക്ക് ലഭിച്ച പരാതിയെത്തുടർന്ന് അദ്ദേഹത്തിെൻറ നിർദേശപ്രകാരമാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരായ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ഹാരിസ്, എ.ഇ. ആശ എന്നിവരുടെ നേതൃത്വത്തിെല ഉദ്യോഗസ്ഥർ മെഡിക്കൽ കോളജിലെത്തി പരിശോധന നടത്തിയത്. റിപ്പോർട്ട് ബോർഡ് ചെയർമാനും നൽകി.

