വലയിൽ മിസൈൽ ഷെൽ കവർ; മത്സ്യത്തൊഴിലാളികൾക്ക് പരിഭ്രാന്തിയുടെ മണിക്കൂറുകൾ
text_fieldsമത്സ്യബന്ധനത്തിനിടെ
കടലിൽനിന്ന് കിട്ടിയ
മിസൈൽ ഷെൽ കവർ
പള്ളുരുത്തി: കടലിൽ മീൻ പിടിത്തത്തിനിടെ മത്സ്യത്തൊഴിലാളികൾക്ക് മിസൈലിൽ ഉപയോഗിക്കുന്ന ഷെല്ല് സൂക്ഷിക്കുന്ന കവർ ലഭിച്ചത് പരിഭ്രാന്തി പരത്തി. ഫോർട്ട്കൊച്ചി ബീച്ച് റോഡിൽ താമസിക്കുന്ന ബോണി, ആന്റണി എന്നിവർ കടലിൽ കൊച്ചുവള്ളത്തിൽ മീൻ പിടിക്കവെയാണ് വലയിൽ ഒരു മീറ്റർ നീളമുള്ള ഷെൽ കവർ ലഭിച്ചത്. ഷെൽ കവറിൽ താഴത്തും മുകളിലുമായി എക്സ്പ്ലോസീവ് എന്ന് എഴുതിയിട്ടുണ്ട്. നാവിക പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് പടിഞ്ഞാറ് ഏതാണ്ട് 500 മീറ്റർ മാറിയായിരുന്നു ഇവർ മത്സ്യബന്ധനം നടത്തിയിരുന്നത്. വള്ളംകരയിൽ അടുപ്പിച്ച് പൊലീസിൽ വിവരം അറിയിച്ചു.
പൊലീസ് നാവിക സേനയെ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ നാവിക സേന ഉദ്യോഗസ്ഥർ സേനയുടെ മിസൈൽ ഷെൽ വരുന്ന കവറാണെന്ന് സ്വിരീകരിച്ചു. തുടർന്ന് നാവിക ആസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ‘മിസൈൽ’ കിട്ടിയെന്ന വാർത്ത പരന്നതോടെ തീരവാസികളും പരിഭ്രാന്തിയിലായി.

