അനധികൃത പാർക്കിങ്; കോതമംഗലം-മൂവാറ്റുപുഴ റോഡിൽ ഗതാഗതക്കുരുക്ക്
text_fieldsമാർക്കറ്റ് റോഡിൽ റോഡിനിരുവശവും ലോറികൾ പാർക്ക് ചെയ്ത് കയറ്റിറക്ക് നടത്തിയതിനെ തുടർന്ന് രൂപപ്പെട്ട ഗതാഗതക്കുരുക്ക്
മൂവാറ്റുപുഴ: നഗരത്തിലെ തിരക്കേറിയ ന്യൂബസാർ, മാർക്കറ്റ് റോഡുകളിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. വ്യാപാര കേന്ദ്രമായ ഇവിടെ റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്ത് കയറ്റിറക്കു നടത്തുന്നതാണ് കാരണം. മൂവാറ്റുപുഴ-കോതമംഗലം റോഡിലാണ് ന്യൂ ബസാർ, മാർക്കറ്റ് ഭാഗങ്ങൾ സ്ഥിതിചെയ്യുന്നത്.
കിഴക്കൻ മേഖലയിലെ പ്രധാന വിപണി സ്ഥിതിചെയ്യുന്ന ഇവിടെ, റോഡിനു ഒരു വശത്ത് മാത്രം വാഹനങ്ങൾ പാർക്ക് ചെയ്ത് കയറ്റിറക്ക് നടത്തണമെന്നാണ് ചട്ടമെങ്കിലും തൊഴിലാളികളുടെ എളുപ്പത്തിന് വേണ്ടി കയറ്റിറക്ക് നടത്തുന്നതാണ് പ്രശ്നം. തിങ്കളാഴ്ച രാവിലെ മുതൽ റോഡിനിരുവശവും ലോറികൾ പാർക്ക് ചെയ്ത് ചരക്കിറക്കിയതിനെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്.
വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. എവറസ്റ്റ് കവല മുതൽ പള്ളിക്കവല വരെയാണ് കുരുക്ക് രൂക്ഷമായത്. 500 മീറ്റർ ദൂരം മാത്രമുള്ള നെഹ്റു പാർക്കിൽനിന്നും കീച്ചേരിപ്പടിയിൽ എത്താൻ 30 മിനിറ്റ് വരെ എടുത്തു. സ്ഥിരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയിൽ ട്രാഫിക് പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് നിർദേശമുണ്ടെങ്കിലും ആരു തിരിഞ്ഞുനോക്കാറില്ല.

