കടയുടെ മുന്നിൽ മദ്യപിച്ച് ഉറങ്ങിയത് ചോദ്യംചെയ്ത കെട്ടിട ഉടമക്ക് ക്രൂരമർദനം
text_fieldsകെട്ടിട ഉടമ ജോജി ഫ്രാൻസിസിനെ ശക്തിവേൽ മർദിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങൾ
കൊച്ചി: രാത്രി കടയുടെ മുന്നിൽ മദ്യപിച്ച് കിടന്നുറങ്ങിയത് ചോദ്യംചെയ്ത കെട്ടിട ഉടമക്ക് ക്രൂരമർദനം. സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കലൂർ സെന്റ് ഫ്രാൻസീസ് ചർച്ച് റോഡിൽ കനാകാത്ത് വീട്ടിൽ ജോജി ഫ്രാൻസിസിനെ (52) മർദിച്ച തഞ്ചാവൂർ സ്വദേശി ശക്തിവേലാണ് (43) പിടിയിലായത്.
തലക്കും കണ്ണിനും ഗുരുതര പരിക്കേറ്റ ജോജി കലൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പത്തരയോടെ കലൂർ സെന്റ് ഫ്രാൻസീസ് ചർച്ച് റോഡിലാണ് സംഭവം. ഇവിടെയുള്ള കെട്ടിടത്തിന്റെ ഉടമയാണ് ജോജി. കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ശക്തിവേലിനെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് മർദനത്തിൽ കലാശിച്ചത്. കലൂരും പരിസരത്തും അലഞ്ഞുനടക്കുന്നയാളാണ് ശക്തിവേൽ.
തലയിണയായി വെച്ചിരുന്ന ഹാൻഡ് ബാഗ് എടുത്തുമാറ്റിയതോടെ അക്രമാസക്തനായ ശക്തിവേൽ ജോജിയെ ആക്രമിക്കുകയായിരുന്നു. തല ടൈലിലേക്ക് ഇടിപ്പിച്ചതോടെ ജോജി ബോധരഹിതനായി. പിന്നാലെ ശക്തിവേൽ സ്ഥലംവിട്ടു. വഴിയാത്രക്കാരാണ് ജോജിയെ ആശുപത്രിയിലെത്തിച്ചത്. ജോജിയുടെ സഹോദരനാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. നോർത്ത് സി.ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം കലൂർ മെട്രോ സ്റ്റേഷൻ പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന ശക്തിവേലിനെ അറസ്റ്റ് ചെയ്തു. സി.സി ടി.വി ദൃശ്യമാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

