റെയിൽവേ വൈദ്യുതി ലൈനിൽ കുടുങ്ങിയ പ്രാവിനെ രക്ഷപ്പെടുത്തി
text_fieldsകൊച്ചി: റെയിൽവേ വൈദ്യുതി ലൈനിൽ കുടുങ്ങിയ പ്രാവിനെ രക്ഷപ്പെടുത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം വ്യാഴാഴ്ച വൈകീട്ടാണ് പ്രാവ് കുടുങ്ങിയത്. പ്രാവിന്റെ കാലിൽ ചുറ്റിയ നൂൽ റെയിൽവേ വൈദ്യുതി ലൈനിൽ കുടുങ്ങുകയായിരുന്നു. ഇതോടെ പ്രാവ് തൂങ്ങിക്കിടന്നു. സംഭവം ശ്രദ്ധയിൽപെട്ടവർ വിവരം സ്റ്റേഷൻ മാനേജർ ബാലകൃഷ്ണപ്പണിക്കരെ അറിയിച്ചു. രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടെ കുരുക്ക് കൂടുതൽ മുറുകി. ഷോക്കേൽക്കുന്നതിന് മുമ്പേ സാങ്കേതിക വിഭാഗം ജീവനക്കാർ ലൈനിൽനിന്ന് കുരുക്കഴിച്ച് പ്രാവിനെ രക്ഷപ്പെടുത്തി. അപകടവും മഴയും കാരണം പ്രാവിന് പറക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഇതോടെ ആർ.പി.എഫ് ഉദ്യോഗസ്ഥർ ഏറ്റെടുത്ത് ഭക്ഷണവും വെള്ളവും നൽകി. ആർ.പി.എഫിന്റെ സംരക്ഷണയിലാണ് ഇപ്പോൾ പ്രാവ്.

