റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാൾകൂടി പിടിയിൽ
text_fieldsസന്തോഷ് കുമാർ
കിഴക്കമ്പലം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരം വെങ്ങാനൂർ മംഗലത്ത് കോണം എസ്.കെ ഭവനിൽ സന്തോഷ് കുമാറിനെയാണ് (51) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഇടത്തല വടക്കേപ്പുറം സഞ്ജു (44), കീഴ്മാട് മഠത്തിലകം ഷിനിൽ (42) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പുക്കാട്ടുപടി സ്വദേശി സജീറിന് റെയിൽവേയിൽ അറ്റൻഡർ ജോലി വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. മൂന്നു പ്രാവശ്യമായി തുക കൈപ്പറ്റിയ ശേഷം വ്യാജ ലെറ്റർ ഹെഡിൽ റയിൽവേയുടെ അങ്കമാലി ഓഫീസിൽ ജോലിക്ക് നിയമിച്ചുകൊണ്ടുള്ള വ്യാജ നിയമന ഉത്തരവ് നൽകി. റയിൽവേയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്.
ഇൻസ്പെക്ടർ എ.എൽ അഭിലാഷ്, എസ്.ഐ കെ.കെ. ഉണ്ണികൃഷ്ണൻ, സീനിയർ സി.പി.ഒ കെ.കെ. ഷിബു, സി.പി.ഒമാരായ അരുൺ കെ. കരുൺ, കെ.എസ്. അനുപ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

