അനധികൃത സാമ്പത്തിക ഇടപാട്: യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
text_fieldsസാലിം കെ. മുഹമ്മദ്
കിഴക്കമ്പലം: അനധികൃത സാമ്പത്തിക ഇടപാടുകളെ തുടർന്ന് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം സെക്രട്ടറി പട്ടിമറ്റം ചേലക്കുളം കണിച്ചേരിക്കുടി തച്ചയിൽ സാലിം കെ. മുഹമ്മദിനെ (26) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായി പലിശക്ക് പണം കൊടുക്കുന്നത് സംബന്ധിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ലഭിച്ച നിരവധി പരാതികളെ തുടർന്ന് നടത്തിയ റെയ്ഡിലാണ് പിടിയിലായത്.
ചേലക്കുളത്തും പരിസര പ്രദേശങ്ങളിലുമായി പലിശക്ക് പണം നൽകി തിരികെ നൽകാത്തതിന്റെ പേരിൽ നിരവധി പേരുടെ സ്ഥലം എഴുതി വാങ്ങിയതായി പരാതിയുണ്ട്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ബ്ലാങ്ക് ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, കരാറെഴുതിയ മുദ്ര പത്രങ്ങൾ എന്നിവ പിടിച്ചെടുത്തു. ചേലക്കുളത്ത് പണം തിരികെ നൽകാത്ത മൂന്നു പേരുടെ വസ്തു ഇയാൾ കോടതി വഴി അറ്റാച്ച് ചെയ്ത രേഖകളും കണ്ടെടുത്തിട്ടുണ്ട്. ചേലക്കുളം മനാഫിയ ജംഗ്ഷനിലെ വീട്ടിലെ കിടപ്പു മുറിയിലെ രഹസ്യ അറയിലാണ് രേഖകൾ സൂക്ഷിച്ചിരുന്നത്. കുന്നത്തുനാട് സി.ഐ സുനിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

