കളമശ്ശേരിയിൽ വീടുകയറി ആക്രമണം; മൂന്നുപേർക്ക് പരിക്ക്
text_fieldsആക്രമിക്കപ്പെട്ട സുരേഷിന്റെ വീടിനകം തകർത്ത നിലയിൽ
കളമശ്ശേരി: വ്യക്തി വൈരാഗ്യത്തിന്റ പേരിൽ വീടുകയറി ആക്രമണത്തിൽ കിടപ്പ് രോഗിയടക്കം മൂന്നുപേർക്ക് പരിക്ക്. അക്രമി സംഘത്തെ പിന്തുടർന്ന് പിടികൂടുന്നതിനിടെ സി.ഐ ഉൾെപ്പടെ മൂന്ന് പൊലീസുകാർക്കും പരിക്ക്.കളമശ്ശേരി പള്ളിലാംകര പ്ലാത്താഴത്ത് പി.പി. സുരേഷിന്റെ വീടുകയറിയാണ് അഞ്ചംഗ ഗുണ്ടാസംഘം ആക്രമണം നടത്തിയത്. കിടപ്പ് രോഗിയായ സുരേഷിനും രണ്ട് മക്കൾക്കും പരിക്കേറ്റു.
ഇവരെ കളമശ്ശേരി ഗവ: മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകീട്ട് 4.30 ഓടെയാണ് സംഭവം. സുരേഷിന്റെ മക്കളുമായുള്ള മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറഞ്ഞത്. അക്രമി സംഘം വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ പിന്തുടർന്ന പൊലീസ് തേവയ്ക്കൽ മുക്കോട്ടിൽ ഭാഗത്ത് ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞ് മൽപിടിത്തത്തിലൂടെ കസ്റ്റഡിയിലെടുത്തു.
ഇതിനിടെയാണ് കളമശ്ശേരി സി.ഐ വിപിൻദാസ്, പൊലീസുകാരായ ഷമീർ, നജീബ് എന്നിവർക്ക് പരിക്കേറ്റത്. ഇവരും മെഡിക്കൽ കോളജിൽ ചികിത്സ തേടി. സുരേഷിന്റെ വീടിനകവും ഉപകരണങ്ങളും അക്രമികൾ നശിപ്പിച്ചു.

