അപകടകേന്ദ്രമായി തോട്ടക്കാട്ടുകര സിഗ്നൽ
text_fieldsആലുവ: തോട്ടക്കാട്ടുകര ഭാഗത്ത് സർവിസ് റോഡിൽനിന്നുള്ള വാഹനങ്ങൾ സിഗ്നലില്ലാതെ ദേശീയപാതയിൽ കയറുന്നത് അപകടങ്ങൾക്കിടയാക്കുന്നതായി ആക്ഷേപം. തൃശൂർ ഭാഗത്തുനിന്ന് വരുന്ന ഇരുചക്ര വാഹനങ്ങളും കാറുകളും തോട്ടക്കാട്ടുകരയിലെ സിഗ്നൽ ലൈറ്റ് ഒഴിവാക്കുന്നതിന് പറവൂർ കവലക്കുശേഷം സർവിസ് റോഡിലൂടെയാണ് യാത്ര തുടരുന്നത്. ഇത്തരം വാഹനങ്ങൾ തോട്ടക്കാട്ടുകരയിലെത്തി തിരികെ മെയിൻ റോഡിലേക്ക് കയറുന്നതാണ് അപകടസാധ്യത ഉണ്ടാക്കുന്നത്. ദേശീയപാതയിൽ തോട്ടക്കാട്ടുകര സിഗ്നൽ കഴിഞ്ഞുവരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെയാണ് ഇപ്രകാരം സർവിസ് റോഡിൽ നിന്നുള്ള വാഹനങ്ങൾ മെയിൻ റോഡിലേക്ക് കയറുന്നത്. ഇത് ആലുവ, കടുങ്ങല്ലൂർ ഭാഗങ്ങളിൽനിന്ന് മണപ്പുറം റോഡിലേക്ക് പോകേണ്ട വാഹനങ്ങൾക്കും പ്രയാസം ഉണ്ടാക്കുന്നുമുണ്ട്. കുറച്ചുനാൾമുമ്പ് വരെ സർവിസ് റോഡ് വഴി വന്ന് മെയിൻ റോഡിലേക്കുള്ള പ്രവേശനം നിരോധിച്ച് പൊലീസ് ഇവിടെ അറിയിപ്പ് വെക്കുകയും ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത് ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാൽ, നിലവിൽ പൊലീസ് നിയന്ത്രണങ്ങളില്ല. ഇപ്പോൾ ബാരിക്കേഡ് എടുത്തുമാറ്റിയ നിലയിലുമാണ്.

