ടാറിങ് വൈകുമെന്ന് മന്ത്രി;ആലുവ-മൂന്നാർ റോഡിലെ ദുരിതയാത്ര തുടരും
text_fieldsതകർന്ന ആലുവ-മൂന്നാർ റോഡ്
ആലുവ: യാത്രക്കാരുടെ പേടിസ്വപ്നമായ, പാടെ തകർന്ന ആലുവ-മൂന്നാർ റോഡിലെ ദുരിതയാത്ര ഏറെനാൾ തുടരും. ടാറിങ് വൈകുമെന്ന സൂചനയാണ് പൊതുമരാമത്ത് മന്ത്രി നൽകിയിട്ടുള്ളത്. ജൽ ജീവൻ പണികൾ വൈകുന്നതിനെക്കുറിച്ചും റോഡിന്റെ തകർച്ചയെക്കുറിച്ചും നിയമസഭയിൽ അൻവർ സാദത്ത് എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ജൽ ജീവൻ പദ്ധതിക്കായി പൈപ്പിട്ട് പ്രഷർ ടെസ്റ്റ് ചെയ്ത റോഡുകളിൽ മാത്രമേ ടാറിങ് സാധിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ഇതുമൂലം കാലതാമസം അനിവാര്യമാണെന്നും മന്ത്രി സഭയിൽ മറുപടി നൽകി.
ജൽ ജീവൻ മിഷൻ പദ്ധതിയിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ പി.ഡബ്ല്യു.ഡി റോഡുകളും പഞ്ചായത്തു റോഡുകളും വാട്ടർ അതോറിറ്റിക്ക് കൈമാറിയിരുന്നു. ജൽ ജീവൻ പദ്ധതിയിൽ പൈപ്പിടൽ സമയബന്ധിതമായി പൂർത്തിയാക്കി റോഡുകൾ പി.ഡബ്ല്യു.ഡിക്കും പഞ്ചായത്തിനും യഥാസമയം കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, മൂന്നാർ റോഡിൽ ജൽ ജീവൻ പദ്ധതിയിലെ പൈപ്പിടാൻ കുഴിയെടുത്തതോടെ ടാർ ചെയ്യാത്തതുമൂലം ഗതാഗതത്തിനും കാൽനടക്കാർക്കും സഞ്ചരിക്കാൻ സാധിക്കാതെ ദുരിതമനുഭവിക്കുകയാണ്.
വാഹനാപകടങ്ങളിൽ യാത്രക്കാർക്ക് ഗുരുതര പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. ഈ സാഹചര്യത്തിൽ എത്രയും വേഗം പൈപ്പിടൽ പൂർത്തിയാക്കി റോഡുകൾ പി.ഡബ്ല്യു.ഡിക്കും പഞ്ചായത്തിനും കൈമാറി ടാർ ചെയ്തു അടിയന്തരമായി സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. ;കരാറുകാർക്ക് യഥാസമയം ബില്ലുകൾ പാസാക്കി പണം ലഭിക്കാത്തതും ജൽ ജീവൻ പദ്ധതി താമസിക്കാൻ കാരണമായിട്ടുണ്ട്. ആലുവ-മൂന്നാർ റോഡിന്റെ കാര്യം പ്രത്യേകം പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു.

