പിതാവിന്റെ ‘പണം’ മോഷ്ടിച്ചു; നാടുവിട്ട വിദ്യാർഥി തിരിച്ചെത്തി
text_fieldsആലപ്പുഴ: കൂലിപ്പണിക്കാരനായ പിതാവ് വായ്പയെടുത്ത് വീട്ടിൽ സൂക്ഷിച്ച 24,000 രൂപ മോഷ്ടിച്ചത് ചോദ്യം ചെയ്തതിൽ മനംനൊന്ത് 13കാരനായ മകൻ അർധരാത്രിയിൽ നാടുവിട്ടു. ലഹരിപദാർഥങ്ങൾ കഴിച്ച നിലയിൽ പിറ്റേന്ന് കണ്ടെത്തി. പണം ഉപയോഗിച്ച് ഇയർഫോൺ ഉൾപ്പെടെയുള്ള ചില ഇലക്ട്രോണിക്സ് സാധനങ്ങളും വാങ്ങിയിരുന്നു. വെള്ളിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. പണം കാണാതായപ്പോൾ മകനെ സംശയിച്ചു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ വീടുവിട്ടറങ്ങി.
നാട്ടുകാരും പൊലീസും രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൈയിൽ പണമുള്ളതിനാൽ വീട്ടുകാരും പരിഭ്രാന്തരായി. സൗത്ത് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്. എന്നാൽ, ലഹരിപദാർഥങ്ങൾ കഴിച്ച് കുട്ടി ഉന്മാദാവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. കൗൺസലിങ് അടക്കമുള്ളവ കുട്ടിക്ക് നൽകും.

