വയോധികനായ പിതാവിനെ മർദിച്ച മകൻ പിടിയിൽ
text_fieldsഅറസ്റ്റിലായ അജീഷ്
ചാരുംമൂട്: വയോധികനായ പിതാവിനെ ക്രൂരമായി മർദിച്ച മകൻ പിടിയിൽ. നൂറനാട് പഞ്ചായത്തിൽ നെടുകുളഞ്ഞി മുറിയിൽ മാധവം വീട്ടിൽ രാമകൃഷ്ണപിള്ളക്കാണ് (80) മർദനമേറ്റത്. സംഭവത്തിൽ സമീപത്ത് താമസിക്കുന്ന മകൻ അജീഷിനെ (43) പടനിലം ഭാഗത്തുനിന്നാണ് അജീഷിനെ നൂറനാട് പൊലീസ് പിടികൂടി.
സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വിറക് കഷണം കൊണ്ട് പിതാവിനെ ക്രൂരമായി മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ച രാമകൃഷ്ണപിള്ളയുടെ മൂക്കിനു പൊട്ടലുണ്ടാവുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പ്രതിക്കായി അന്വേഷണം നടത്തിയെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എസ്.എച്ച്.ഒ ശ്രീകുമാറിന്റെ നിർദേശ പ്രകാരം എസ്.ഐ എസ്. നിതീഷ്, സി.പി.ഒമാരായ രജീഷ്, സുന്ദരേശൻ, കലേഷ്, ഷിബു, ജംഷാദ്,ഷമീർ, ശരത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

