ഒരു ബോട്ട് പിടിച്ചെടുത്തു;14 എണ്ണത്തിന് ക്രമക്കേട്
text_fieldsആലപ്പുഴ: അനധികൃതമായി സർവിസ് നടത്തിയ ഒരു ഹൗസ് ബോട്ട് പിടിച്ചെടുത്തു. സുരക്ഷാസംവിധാനമില്ലാതെ ഓടിയ 14 ഹൗസ്ബോട്ടുകൾക്ക് 1,30,000 രൂപ പിഴചുമത്തി. തുറമുഖം വകുപ്പ്, ടൂറിസം പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പള്ളാത്തുരുത്തി, എസ്.എൻ ജെട്ടി, വിളക്കുമരം, കുപ്പപ്പുറം എന്നിവിടങ്ങളിലായിരുന്നു പരിശോധന. 20 ബോട്ടുകളിൽ പരിശോധന നടത്തി. രേഖയില്ലാതിരുന്ന ഒരു മോട്ടോർ ബോട്ട് പിടിച്ചെടുത്ത് ആര്യാട് യാർഡിലേക്ക് മാറ്റി. സുരക്ഷാസംവിധാനങ്ങളിൽ വീഴ്ചവരുത്തിയ ബോട്ടുകൾക്കാണ് പിഴചുമത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.
ആലപ്പുഴ പോർട്ട് കൺസർവേറ്റർ അനിൽകുമാർ, ടൂറിസം എസ്.ഐ പി.ആർ. രാജേഷ്, സ്ക്വാഡ് അംഗം ടി.എൻ. ഷാബു, പൊലീസുകാരായ പ്രസാദ്, ബിൻസി, ജോഷിത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

