ബസുടമയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ
text_fieldsഷിജു, ഹരികൃഷ്ണൻ
മണ്ണഞ്ചേരി: സ്കൂട്ടറിൽ സഞ്ചരിച്ച ബസുടമയെ കാറടിപ്പിച്ച് വീഴ്ത്തി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ ജില്ല കോടതി വാർഡിൽ തറയിൽപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (26), ബീച്ച് വാർഡിൽ നെടുംപറമ്പിൽ വീട്ടിൽ ഷിജു എന്ന ഉണ്ണി (26) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 16നാണ് കേസിനാസ്പദമായ സംഭവം. തമ്പകച്ചുവട് സ്വദേശിയും മണ്ണഞ്ചേരി റൂട്ടിൽ സർവിസ് നടത്തുന്ന ഉമ്മുറസൂൽ ബസ് ഉടമയുമായ സനലിനെയാണ് ആക്രമിച്ചത്.വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ സ്കൂട്ടറിൽ പോകുമ്പോൾ കാറിൽ പിന്തുടർന്ന് സനലിനെ ഇടിച്ചുവീഴ്ത്തിയായിരുന്നു ആക്രമണം.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണത്തിന് മണ്ണഞ്ചേരി എസ്.ഐ ബേസിൽ തോമസ്, പ്രിൻസിപ്പൽ എസ്.ഐ അരുൺദേവ്, എ.എസ്.ഐ നിഷമോൾ, എസ്.സി.ഒമാരായ ഉല്ലാസ്, വിഷ്ണു, ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.
ഒളിവിലുള്ള മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കുകയും ഉടൻ അവരെ പിടികൂടുകയും ചെയ്യുമെന്ന് മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു.

