‘‘കടന്നുവരുന്നൂ..... ജനനായകൻ കടന്നുവരുന്നൂ’’അനൗൺസറായി മന്ത്രി പി. പ്രസാദ്
text_fieldsആലപ്പുഴ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരീഫിന്റെ പ്രചാരണത്തിനുള്ള അനൗൺസ്മെന്റ്
വാഹനത്തിൽ കൃഷി മന്ത്രി പി. പ്രസാദ്
ചേർത്തല: കടന്നുവരുന്നു...കടന്നുവരുന്നു...ജനനായകൻ കടന്നുവരുന്നു... ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി..ഈ രാജവീഥിയിലൂടെ കടന്നുവരുന്നു...ആലപ്പുഴ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എ.എം. ആരീഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നിൽ പോയ അനൗൺസ്മെന്റ് വാഹനത്തിനുള്ളിൽനിന്നുമുള്ള ശബ്ദമായിരുന്നു. വഴിയോരങ്ങളിൽ കാത്തുനിന്നവർക്കും പ്രവർത്തകർക്കും പരിചയമുള്ള ശബ്ദം പെട്ടെന്ന് ശ്രദ്ധയിൽ പെട്ടു. നോക്കുമ്പോൾ കൃഷി മന്ത്രി പി. പ്രസാദാണ് വാഹനത്തിനുള്ളിൽ നിന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്. ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം സി.പി. എം ഏരിയ കമ്മിറ്റി ഓഫിസ് അങ്കണത്തിൽനിന്നുമായിരുന്നു റോഡ് ഷോ തുടങ്ങിയത്. ദേശീയ പാതയിൽ 11ാം മൈയിലിൽനിന്ന് മന്ത്രി പി. പ്രസാദ് അനൗൺസ്മെന്റ് വാഹനത്തിൽ കയറി മൈക്ക് പിടിച്ചുവാങ്ങി. സ്കൂൾ കാലഘട്ടത്തിൽ അനൗൺസ്മെന്റ് നടത്താറുള്ള പി. പ്രസാദിന് ഇതൊരു പുത്തരി അല്ലായിരുന്നു. കഞ്ഞിക്കുഴി, ചേർത്തല സൗത്ത്, അർത്തുങ്കൽവരെ അനൗൺസ്മെന്റ് തുടർന്നു.

