നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് പിടികൂടി
text_fieldsഅരൂർ: കരിക്ക് കടയുടെ മറവിൽ വിദ്യാർഥികൾക്കടക്കം നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയത് നാട്ടുകാർ പിടികൂടി. അരൂർ ആദം വെളിക്കുസമീപം ദേശീയപാതയോരത്ത് കരിക്ക് വിൽപനയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്ന ഇതര സംസ്ഥാനക്കാരനെയാണ് പിടികൂടിയത്. കൂടുതൽ സാധനങ്ങൾ അടുത്തുള്ള കുറ്റിക്കാട്ടിൽ മറച്ചുവെച്ചിരിക്കുകയാണെന്നും അതെടുക്കാനാണെന്നും പറഞ്ഞ് ഓടിരക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
അരൂർ ഗവ: ഹൈസ്കൂളിലെ ചില വിദ്യാർഥികൾ പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് ഇത് ലഭ്യമാകുന്ന സ്ഥലം അന്വേഷിച്ചാണ് ജാഗ്രത സമിതി അംഗങ്ങളും പഞ്ചായത്തംഗം സുമയും ഹെൽത്ത് ഇൻസ്പെക്ടറും ആരോഗ്യ പ്രവർത്തകരും കരിക്ക് വിൽപനക്കാരനെ വളഞ്ഞത്. കട സാമഗ്രികളും പുകയില ഉൽപന്നങ്ങളും അരൂർ പൊലീസിന് കൈമാറി. ഉയരപ്പാത നിർമ്മാണത്തിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന നിരവധി കടകൾ അരൂരിൽ ദേശീയപാതയിൽ ആരംഭിച്ചിട്ടുണ്ട്.

