അരൂരിൽ അമോണിയം ചോർന്നത് പരിഭ്രാന്തി പരത്തി
text_fieldsഅമോണിയം ചോർന്നതിനെ തുടർന്ന് ജീവനക്കാരെ
കമ്പനിയുടെ പുറത്തേക്ക്
മാറ്റിയപ്പോൾ
അരൂർ: അരൂർ വ്യവസായകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മത്സ്യ സംസ്കരണ കയറ്റുമതി ശാലയിൽ അമോണിയം ചോർന്നു. ജീവനക്കാരും സമീപത്തുള്ള കോളനി നിവാസികളും പരിഭ്രാന്തരായി. മംഗള സീഫുഡ് എക്സ്പോർട് കമ്പനിയിലാണ് അമോണിയം ചോർന്നത്. ആളപായമില്ല. വെള്ളിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം.
കമ്പനിയിലെ ഐസ് പ്ലാന്റുമായി ബന്ധപ്പെട്ട അമോണിയം വാതക പൈപ്പ് ലീക്ക് ചെയ്തതാണ് കാരണം. അരൂരിലെ അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്തു വാതകച്ചോർച്ച നിർവീര്യമാക്കി. മട്ടാഞ്ചേരിയിൽ നിന്നും ഒരു യൂനിറ്റ് അഗ്നിരക്ഷാസേനയും എത്തിയിരുന്നു. വാതകച്ചോർച്ച ഉണ്ടായ ഉടൻ കമ്പനിയിലെ ജീവനക്കാരെ പുറത്തേക്കു മാറ്റി. പരിസരവാസികളിൽ ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.

