കായല്‍ കൈയേറിയെന്ന് തെളിയിച്ചാല്‍ തന്‍റെ സ്വത്ത് എഴുതി തരാം -മന്ത്രി തോമസ് ചാണ്ടി
text_fieldsതിരുവനന്തപുരം: കുട്ടനാട്ടില്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍ തന്‍റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടിയുടെ പ്രതികരണം.
കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ് ലിം ലീഗ് എം.എൽ.എ എന്‍.എ. നെല്ലിക്കുന്ന് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനിടെ ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെ.എസ്.ആര്‍.ടി.സി നന്നാക്കാന്‍ സമയമെന്ന് എന്‍.എ. നെല്ലിക്കുന്ന് ചോദിച്ചു.
ഇതോടെ നിയമസഭയില്‍ ബഹളം തുടങ്ങി. എന്‍.എ. നെല്ലിക്കുന്നിന്‍റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായ തോമസ് ചാണ്ടി കൈയേറ്റം നടത്തിയതായി തെളിയിച്ചാല്‍ തന്‍റെ സ്വത്തെല്ലാം എഴുതിതരാമെന്ന് പറഞ്ഞു.
ഇതേതുടർന്ന് മന്ത്രിക്ക് മറുപടിയുമായി പി.ടി തോമസ് അടക്കമുള്ളവര്‍ എഴുന്നേറ്റതോടെ ഭരണ-പ്രതിപക്ഷ ബഹളത്തിന് സഭ സാക്ഷിയായി. പിന്നീട് സ്പീക്കര്‍ ഇടപെട്ടാണ്അംഗങ്ങളെ പിന്തിരിപ്പിച്ചത്.
