യുവാവിനെ സ്ത്രീ സുഹൃത്തിന്റെ വീട്ടിൽനിന്ന് വിളിച്ചിറക്കി നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു; നാലുപേർ അറസ്റ്റിൽ
text_fieldsകൊല്ലം: തെന്മലയിൽ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. അർധരാത്രി സ്ത്രീ സുഹൃത്തിന്റെ വീട്ടിൽനിന്നും യുവാവിനെ വിളിച്ചിറക്കി വൈദ്യുതി തൂണിൽ കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്. സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്, രാജീവ്, സിബിൻ, രാജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. നിഷാദ് സുഹൃത്തിന്റെ വീട്ടിൽ ഉണ്ടെന്നറിഞ്ഞ അക്രമികൾ അവിടെ എത്തി കാളിങ് ബെൽ അടിക്കുകയായിരുന്നു. ഇതു കേട്ട് സ്ത്രീ സുഹൃത്ത് പുറത്തിറങ്ങി. വീടിന്റെ പിൻവശത്തുകൂടി രക്ഷപ്പെടാൻ ശ്രമിച്ച നിഷാദിനെ അക്രമികൾ ബലമായി തടഞ്ഞുനിർത്തി വീടിന്റെ മുന്നിലെ റോഡിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെവെച്ച് കമ്പി ഉപയോഗിച്ച് മർദിക്കുകയും വസ്ത്രം അഴിച്ച് നഗ്നനാക്കുകയുമായിരുന്നു. തുടർന്ന് വൈദ്യുതി തൂണിൽ കെട്ടിയിട്ടു. വാൾ ഉപയോഗിച്ച് നിഷാദിനെ വെട്ടാനും ശ്രമിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു.

