വീണ്ടും ഇരുട്ടിലേക്ക്; സംസ്ഥാനത്ത് ഇന്ന് മുതൽ ഭാഗിക വൈദ്യുതി നിയന്ത്രണം
text_fieldsതിരുവനന്തപുരം: പവർ എക്സ്ചേഞ്ച് വഴി വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ശനിയാഴ്ചയും നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെയായിരുന്നു നിയന്ത്രണം. പലയിടങ്ങളിലും ഒന്നിലേറെ തവണ വൈദ്യുതി തടസ്സപ്പെട്ടു. 700 -900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണം വേണ്ടിവന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്ന് ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. രാജ്യത്താകെ വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവുണ്ടെന്ന് ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി. തത്സമയ വിപണിയില്‍നിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി തരണം ചെയ്യാനുള്ള നീക്കവും കെ.എസ്.ഇ.ബി നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസവും നൂറ് ദശലക്ഷം യൂനിറ്റിന് അടുത്തായിരുന്ന ഉപയോഗം. നിയന്ത്രണം ഒഴിവാക്കാൻ തത്സമയ വിപണിയില്‍നിന്ന് ഉയർന്ന വിലക്ക് കൂടുതല്‍ വൈദ്യുതി വാങ്ങിയിരുന്നു. എന്നാൽ, ഡയറക്ടർമാർ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ പോയി നടത്തുന്ന ചർച്ചകളില്‍ ഈ മാസത്തേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള കരാറിലെത്തിയില്ലെന്നാണ് വിവരം. ഈ മാസത്തേക്കുള്ള ഹ്രസ്വകാല കരാറില്ലെന്ന് ജൂണില്‍തന്നെ ബോധ്യമായിട്ടും ഇപ്പോള്‍ നടത്തിയത് പോലുള്ള ശ്രമം അന്ന് നടത്തിയില്ലെന്നും ചുണ്ടിക്കാട്ടുന്നു.
വരുംമാസങ്ങളില്‍ പ്രതിസന്ധി ഒഴിവാക്കാൻ പ്രോജക്ടുകള്‍ സമയത്ത് തീർക്കണമെന്നാണ് റെഗുലേറ്ററി കമീഷൻ നിർദേശം. മൈലാട്ടി, മുള്ളേരിയ പ്രോജക്ടുകള്‍ അടുത്തമാസം തീർക്കുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചത്. ശ്രീകണ്ഠാപുരം, അരീക്കോട് പദ്ധതികള്‍ നവംബറിലാണ് തീർക്കേണ്ടത്. പോത്തൻകോട് പ്രോജക്ട് ഡിസംബറില്‍ തീർക്കാൻ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

