പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസും സ്ഥാനാർഥികൾ; വയനാട്ടിൽ പ്രിയങ്ക തന്നെ
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ യു.ഡി.എഫിന്‍റെ സ്ഥാനാർത്ഥികളായി പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസിനെയും നിശ്ചയിച്ചു. രാഹുൽ ഗാന്ധി വിട്ടൊഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി തന്നെയാണ് സ്ഥാനാർത്ഥി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും വടകര എം.പി ഷാഫി പറമ്പിലിന്‍റെയും പിന്തുണയാണ് രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂല ഘടകമായത്. അതേസമയം, ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും രമ്യക്ക് ഒരവസരം കൂടി നൽകാനും കെ.പി.സി.സി ധാരണയാവുകയായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥികൾ ഉടൻ
ചേലക്കരയിൽ യു.ആർ. പ്രദീപ് എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ടുകൾ. ജില്ല സെക്രട്ടേറിയേറ്റിലും ജില്ല കമ്മിറ്റിയിലും പ്രദീപിന്റെ പേരിനാണ് മുൻതൂക്കം. കെ. രാധാകൃഷ്ണന് വേണ്ടി ചേലക്കര സീറ്റ് ഒഴിഞ്ഞുകൊടുത്തയാളാണ് പ്രദീപ്.
പാലക്കാട് പാർട്ടി നേതൃത്വം വിവിധ പേരുകൾ പരിഗണിക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബിനുമോളുടെ പേരിനാണ് പ്രഥമ പരിഗണന. സി.പി.എം നേതാവ് ഇ.കെ. ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യയാണ് ബിനുമോൾ. ജില്ല കമ്മിറ്റികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.
ബി.ജെ.പി വിജയപ്രതീക്ഷ പുലർത്തുന്ന പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ നേരിടാൻ പാർട്ടിക്കുള്ളിൽ വടംവലിയുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, മുതിർന്ന നേതാവ് ശോഭാ സുരേന്ദൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
വയനാട്ടിൽ പ്രിയങ്കക്കെതിരെ ആരെന്നതിൽ വ്യക്തത വന്നിട്ടില്ല. ഇടതുമുന്നണിയിൽ സി.പി.ഐയുടേതാണ് സീറ്റ്. രാഹുലിനെതിരെ മത്സരിച്ച ദേശീയനേതാവ് ആനി രാജ വീണ്ടും മത്സരിക്കാനിടയില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും വീണ്ടും മത്സരിക്കുന്നതിൽ താൽപര്യമില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പകരം എം.ടി. രമേശ് വന്നേക്കും.
വോട്ടെണ്ണൽ നവംബർ 23ന്
വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. പത്രികാ സമർപ്പണം വെള്ളിയാഴ്ച ആരംഭിക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.
വയനാട് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽനിന്നും ജയിച്ചതോടെ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

