‘അമ്മയാണിത് വാവേ, അമ്മിഞ്ഞപ്പാല് കുടിക്ക്’
text_fieldsനഴ്സിങ് ഓഫിസർ മെറിൻ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നു, ഇൻസെറ്റിൽ മെറിൻ
കാസർകോട്: ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന അസം സ്വദേശിയായ യുവതിയുടെ മൃതദേഹത്തിനരികെ, 37 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ വിശപ്പടക്കാൻ കഴിയാതെ ബന്ധുക്കൾ വലയുകയായിരുന്നു. ഇതറിഞ്ഞ ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടർന്ന് അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് ഓഫിസർ മെറിൻ മുലപ്പാൽ കൊടുക്കാൻ സന്നദ്ധയായി മുന്നോട്ടുവരുകയായിരുന്നു.
വിശപ്പുമാറിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങൾ മാറ്റി ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറി. ആതുര സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃകയാവുകയാണ് ഒരുവയസ്സുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ മെറിൻ. മെറിൻ ബെന്നിയെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹ്മദ് നേരിട്ടുകണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു.

