തിമിംഗല ഛർദി: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsകാഞ്ഞങ്ങാട്: 10 കോടി രൂപയുടെ തിമിംഗല ഛർദിലുമായി പിടിയിലായ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വനപാലകർ കോടതിയെ സമീപിക്കുകയായിരുന്നു. ജില്ല ജയിലിലുള്ള പ്രതികളെ വെള്ളിയാഴ്ച വനപാലകർക്ക് കൈമാറും. ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം കോടതിക്ക് പൊലീസ് കൈമാറിയിട്ടുള്ള തിമിംഗല ഛർദി അടുത്തദിവസം തിരുവനന്തപുരം ലാബിലേക്ക് വിദഗ്ധപരിശോധനക്ക് അയക്കും.
പ്രതികളെ ചോദ്യംചെയ്ത് തെളിവ് ശേഖരണത്തിനായി ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. തിമിംഗല ഛർദിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. അഷ്റഫ് പറഞ്ഞു. കൊവ്വൽപള്ളി കടവത്ത് വീട്ടിൽ നിഷാന്ത് (41), മുറിയനാവി മാടമ്പില്ലത്ത് സിദ്ദീഖ് (31), കള്ളാർ കൊട്ടോടി നമ്പ്യാർ മാവിൽ ദിവാകരൻ (45) എന്നിവരാണ് പ്രതികൾ. കർണാടക പുത്തൂരിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പ്രതികൾ നേരത്തേ പൊലീസിനോട് സമ്മതിച്ചിരുന്നു.

