മദ്യലഹരിയിൽ എസ്.ഐയെ തള്ളിയിട്ടു; കേസെടുത്ത് പൊലീസ്
text_fieldsകാസർകോട്: മദ്യലഹരിയിലായ യുവാവ് നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്നുവെന്ന പരാതിയിൽ അന്വേഷിക്കാനെത്തിയ എസ്.ഐയെ തള്ളിയിട്ട് ജോലി തടസ്സപ്പെടുത്തിയതായി പരാതി. പ്രസ്തുത സംഭവത്തിൽ കേസെടുത്ത നീലേശ്വരം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പേരോലിലെ രതീഷിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ നിലവിൽ പൊലീസ് കാവലിൽ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. മദ്യലഹരിയിലായിരുന്ന രതീഷ് ശല്യം ചെയ്യുന്നുവെന്ന പരാതിയെ തുടർന്നാണ് എസ്.ഐ കെ.വി. രതീഷും സംഘവും എത്തിയത്.
അനുനയ ശ്രമത്തിനിടയിൽ രതീഷ് പ്രകോപിതനായെന്നും ജീപ്പിൽ കയറ്റുന്നതിനിടയിൽ എസ്.ഐയെ തള്ളിയിട്ട് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും നീലേശ്വരം പൊലീസ് പറയുന്നു. തുടർന്ന് പ്രതിയെ നീലേശ്വരം താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനക്കുശേഷം ഡോക്ടറുടെ നിർദേശപ്രകാരമാണ് ഇയാളെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയത്.

