കാഞ്ഞങ്ങാട് വ്യവസായ പാർക്ക് യാഥാർഥ്യമാക്കും
text_fieldsകാഞ്ഞങ്ങാട്: സംരംഭക സംഗമം ഉൾപ്പെടെ സംഘടിപ്പിച്ച് കാഞ്ഞങ്ങാട് വ്യവസായ പാർക്ക് യാഥാർഥ്യമാക്കാൻ നടപടിയെടുക്കുമെന്ന് നിയമസഭയിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എയെ വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. പുതുക്കൈ വില്ലേജിൽ 8.95 ഏക്കറും മടിക്കൈ വില്ലേജിൽ 91.03 ഏക്കർ ഭൂമിയും ചേർത്ത് 99.98 ഏക്കർ ഭൂമി വ്യവസായ പാർക്ക് സ്ഥാപിക്കാൻ വ്യവസായ വകുപ്പിന് കൈമാറിയതാണ്.
4.9 കോടി ചെലവിൽ ചുറ്റുമതിൽ നിർമാണം പുരോഗമിക്കുകയാണ്. റോഡ് നിർമാണം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളിലാണ് ഇപ്പോൾ. ആവശ്യമെങ്കിൽ സംരംഭകരുടെ സംഗമം നടത്തി പദ്ധതി എത്രയും വേഗം യഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.

