കൊന്നക്കാട് എസ്റ്റേറ്റിലും വനാതിർത്തിയിലും തീപിടിത്തം
text_fieldsകൊന്നക്കാട് ഭാഗത്തുണ്ടായ തീപിടിത്തം
കാഞ്ഞങ്ങാട്: കൊന്നക്കാട് നെല്ലിമലയിലെ സ്വകാര്യവ്യക്തികളുടെ തോട്ടത്തിൽ തീപിടിത്തം. പടർന്നുപിടിച്ച തീ തക്കസമയത്ത് വനപാലകരുടെ ശ്രദ്ധയിൽപെട്ടതിനാൽ വലിയഅപകടം ഒഴിവായി. ഫെലിക്സ്, സി.ജെ. മാത്യു, റോഷൻ ചെരുമ്പക്കുനേൽ എന്നിവരുടെയും മാനുവൽ എസ്റ്റേറ്റിന്റെയും റബർ തോട്ടത്തിലാണ് തീ പടർന്നത്.
കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്ഷനിലെ ഒട്ടേമാളം വനത്തോട് ചേർന്നുകിടക്കുന്ന സ്വകാര്യഭൂമിയാണ് ഈസ്ഥലങ്ങൾ. തീപിടിത്തം ഉണ്ടായ സമയത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഒ. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു തീകെടുത്തുവാനുള്ള പ്രാഥമിക പ്രവർത്തനം ആരംഭിച്ചത്. ഭീമനടി സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ യദുകൃഷ്ണൻ, ജിഷ്ണു കുഞ്ഞികൃഷ്ണൻ, നിതിൻ ചന്ദ്രൻ, നന്ദകുമാർ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റായ സന്തോഷ്, ഡ്രൈവർ പ്രദീപ് കുമാർ തുടങ്ങിയവരും ഫയർ വാച്ചർമാരായ സന്ദീപ്, അജീഷ്, ബിനു, രാജൻ, വിപിൻ ബാബു, മാധവൻ തുടങ്ങിയവരും നാട്ടുകാരും ചേർന്ന് തീകെടുത്തി.
കുത്തനെയുള്ള പ്രദേശമായതിനാൽ ഏറെ പ്രയാസപ്പെട്ടാണ് തീകെടുത്തുവാനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചത്. അപകടസാധ്യത ഒഴിവായിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാഹുൽ അറിയിച്ചു.

