അപകടാവസ്ഥയിലുള്ള വൈദ്യുതിത്തൂൺ മാറ്റി
text_fieldsനീലേശ്വരം പഴയ നഗരസഭ ഓഫിസിന് സമീപത്തെ ദ്രവിച്ച വൈദ്യുതിത്തൂണും പിന്നീട് സ്ഥാപിച്ച പുതിയ തൂണും
നീലേശ്വരം: ഒടുവിൽ നീലേശ്വരം വൈദ്യുതി സെക്ഷൻ ഓഫിസ് അധികൃതർ കണ്ണുതുറന്നു. നഗരമധ്യത്തിൽ ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലുണ്ടായിരുന്ന വൈദ്യുതിത്തൂൺ മാറ്റിസ്ഥാപിച്ചു. നീലേശ്വരം പഴയ നഗരസഭ ഓഫിസിന് മുന്നിലാണ് കാലപ്പഴക്കം മൂലം അടിഭാഗം ക്ഷയിച്ച് ഏതുനിമിഷവും തകർന്നുവീഴാവുന്ന വൈദ്യുതിത്തൂൺ നിന്നിരുന്നത്. ഇതുസംബന്ധിച്ച് ആഗസ്റ്റ് 21ന് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വിഷയം ശ്രദ്ധയിൽപെട്ട കെ.എസ്.ഇ.ബി അധികൃതർ പഴയ നഗരസഭ ഓഫിസിന് സമീപം ജനത്തിരക്കുള്ള രാജാറോഡിന് ചേർന്നുള്ള തൂൺ മറ്റിസ്ഥാപിക്കാൻ നടപടിയെടുക്കുകയായിരുന്നു. തൂണിന്റെ അപകടാവസ്ഥ സംബന്ധിച്ച് നീലേശ്വരം നഗരസഭ യു.ഡി.എഫ് പാർലമെന്ററി ലീഡർ ഇ. ഷജീർ സെക്ഷൻ എൻജിനീയർക്ക് പരാതി നൽകിയിരുന്നു. അപകടാവസ്ഥയില്ലാതാക്കിയ നീലേശ്വരം സെക്ഷൻ അധികൃതരെ ഇ. ഷജീറും സമീപത്തെ വ്യാപാരികളും അഭിനന്ദിച്ചു.

