വാഹന യാത്രക്ക് ഭീഷണി; റോഡ് ‘ഉപരോധിച്ച്’ ആട്ടിൻകൂട്ടം
text_fieldsകുമ്പള ശാന്തിപ്പള്ളത്തെ കെ.എസ്.ടി.പി റോഡിലെ ആട്ടിൻകൂട്ടം
മൊഗ്രാൽ: കുമ്പള- ബദിയടുക്ക കെ.എസ്.ടി.പി റോഡ് ശാന്തിപ്പള്ളത്ത് ആട്ടിൻകൂട്ടങ്ങൾ റോഡ് കൈയേറുന്നത് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദേശീയപാത സർവിസ് റോഡ് പൂർണമായും തകർന്നതോടെ കെ.എസ്.ടി.പി റോഡിൽ ഇപ്പോൾ വലിയ തിരക്കാണനുഭവപ്പെടുന്നത്. ശാന്തിപ്പള്ളത്ത് കൂട്ടമായെത്തുന്ന ആട്ടിൻകൂട്ടങ്ങൾ മഴയില്ലെങ്കിൽ റോഡിലാണ് കിടപ്പ്. വലിയ വാഹനങ്ങൾ അടുത്തെത്തിയാൽ ചിലത് എഴുന്നേറ്റോടും.
ഓടി വീഴുന്നത് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും മുന്നിലാണ്. ഇത് ഗതാഗത തടസ്സത്തിനും അപകട സാധ്യതയുമുണ്ടാക്കുന്നു. ആട്ടിൻ കൂട്ടം ബസ് സ്റ്റോപ്പിനടുത്ത് റോഡിൽ താവളമാക്കുന്നത് ബസുകൾ ദൂരെയാണ് നിർത്തിയിടുന്നത്. ഇത് ബസ് കാത്തുനിൽക്കുന്നവർക്കും പ്രയാസമുണ്ടാക്കുന്നു. സമീപ പ്രദേശത്തെ ഏതോ ഫാമിൽനിന്ന് എത്തുന്നതാണ് ആട്ടിൻ കൂട്ടങ്ങളെന്ന് നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

