സ്കൂൾ ബസ് ദേഹത്തു കയറി നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം വീടിന് സമീപം
text_fieldsആയിഷ സോയ
കാസർകോട്: സ്കൂൾ വിട്ട് വീടിനു സമീപം വാഹനത്തിൽ നിന്നിറങ്ങിയ നഴ്സറി വിദ്യാർഥിനി അതേ സ്കൂൾ ബസ് തട്ടി മരിച്ചു. കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകളും നെല്ലിക്കുന്ന് തങ്ങളുപ്പാപ്പ നഴ്സറി സ്കൂളിലെ വിദ്യാർഥിനിയുമായആയിഷ സോയ (നാല്) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ച രണ്ടോടെയാണ് സംഭവം. സ്കൂൾ വിട്ട് ഉച്ചയോടെ വീടിന് സമീപം ബസിൽ നിന്നിറക്കി ബസ് തിരിച്ചുപോകാനായി പിറകോട്ടെടുക്കുമ്പോഴാണ് അപകടം. സമീപത്തെ വ്യവസായ യൂനിറ്റിൽ ജോലിചെയ്യുന്ന സ്ത്രീകൾ സംഭവംകണ്ട് ഓടിയെത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ എന്നിവർ ആശുപത്രിയിലെത്തി.

