നറുക്കെടുപ്പിലൂടെ കളമശ്ശേരി യു.ഡി.എഫിന്; സീമ കണ്ണൻ അധ്യക്ഷ
text_fieldsകളമശ്ശേരി: കളമശ്ശേരിയിൽ യു.ഡി.എഫ് കൗൺസിലർ സീമ കണ്ണൻ നഗരസഭ അധ്യക്ഷയാകും. നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. ഫലം വന്നപ്പോള്‍ മുതല്‍ അനിശ്ചിതത്വം നിലനിന്ന നഗരസഭയാണ് കളമശ്ശേരി. 20 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. സ്വതന്ത്രരുടെ പിന്തുണ ലഭിച്ചതോടെ എല്‍.ഡി.എഫിനും 20 സീറ്റുകളായി. ഒരു സീറ്റിൽ വിജയിച്ച ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.
42 അംഗ നഗരസഭയിൽ ഒരിടത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാൽ 41 ഇടത്താണ് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് 19, എൽ.ഡി.എഫ് 18, യു.ഡി.എഫ് വിമതർ -രണ്ട്, എൽ.ഡി.എഫ് വിമത, ബി.ജെ.പി -ഒന്ന് എന്നിങ്ങെനയാണ് കക്ഷിനില. യു.ഡി.എഫ് വിമതർ യു.ഡി.എഫിനൊപ്പമെന്നാണ് പറഞ്ഞിരുന്നതെങ്കിലും കെ.എസ്.യു മുൻ ജില്ല സെക്രട്ടറി എ.കെ. നിഷാദ് മാത്രമാണ് അവസാന നിമിഷം യു.ഡി.എഫിനൊപ്പമുള്ളത്.
വൈസ് ചെയർമാൻ സ്ഥാനം ഉറപ്പുനൽകിയതോടെ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന കെ.എച്ച്. സുബൈർ എൽ.ഡി.എഫിനൊപ്പം ചേർന്നു. എൽ.ഡി.എഫ് വിമതയായി മത്സരിച്ച ബിന്ദു മനോഹറും ഇടതുപക്ഷത്തിനൊപ്പമാണ്.

