‘എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം, കേന്ദ്രമന്ത്രിയായിരിക്കാൻ അനർഹൻ’; പ്രതികരണവുമായി കെ. രാധാകൃഷ്ണൻ
text_fieldsകോട്ടയം: ആദിവാസി വകുപ്പിന്‍റെ ചുമതലയിൽ ഉന്നതകുല ജാതർ വരണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി സംസ്ഥാന കെ. രാധാകൃഷ്ണൻ എം.പി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞു.
രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ് ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നത്. സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതൻ എന്ന് പറഞ്ഞു നടപ്പാണ് പണി.
കേരളത്തെ തകർക്കുന്ന നിലപാടാണിത്. എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി അർഹനല്ലെന്നും കെ. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്താൽ ആദിവാസികൾക്ക് പുരോഗതിയുണ്ടാവൂവെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് വിവാദമായത്. അത്തരം ജനാധിപത്യമാറ്റങ്ങൾ ഉണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി വകുപ്പ് തനിക്ക് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം നിരവധി തവണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബ്രാഹ്മണനോ, നായിഡുവോ വകുപ്പ് കൈകാര്യം ചെയ്യട്ടെ. ഗോത്രകാര്യ വകുപ്പ് ആദിവാസികൾ തന്നെ കൈകാര്യം ചെയ്യുന്നതെന്ന് ഒരു ശാപമാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

