പാലാ സീറ്റ്: പൊതു ചർച്ചയുടെ ആവശ്യമില്ലെന്ന് ജോസ് കെ. മാണി
text_fieldsകണ്ണൂർ: പാലാ സീറ്റ് സംബന്ധിച്ച് പാർട്ടിയിലും മുന്നണിയിലും ചർച്ച നടന്നിട്ടില്ലെന്ന് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. നിയമസഭ തെരഞ്ഞെടുപ്പിന് നാല് മാസം കൂടിയുണ്ട്. സീറ്റ് ചർച്ച ആരംഭിക്കുമ്പോൾ പാർട്ടി നിലപാട് ഇടത് മുന്നണിയെ അറിയിക്കുമെന്നും ജോസ് പറഞ്ഞു.
ഈ വിഷയത്തിൽ ഒരു പൊതു ചർച്ചയുടെ ആവശ്യമില്ല. സീറ്റ് ചർച്ചയുടെ സമയത്ത് മുന്നണി തീരുമാനം എടുക്കട്ടെ. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തെ പറ്റിയും പോരായ്മകളുണ്ടെങ്കിൽ അത് പരിഹരിച്ച് മുന്നോട്ടു പോകുന്നതിനെ കുറിച്ചും മുന്നണിയുമായി ചർച്ച നടത്തിയിട്ടുണ്ട്.
ഒരു പ്രാദേശിക പദവിക്ക് വേണ്ടി യു.ഡി.എഫിൽ നിന്ന് പുറത്താക്കുന്നത് ശരിയാണോ. കേരളത്തിലെയോ ഇന്ത്യയിലെയോ രാഷ്ട്രീയത്തിൽ ഇത്തരത്തിൽ ഒരു കേട്ടുകേൾവിയുണ്ടോയെന്നും ജോസ് ചോദിച്ചു. യു.ഡി.എഫിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും ജോസ് കെ. മാണി ആവർത്തിച്ചു.
