ജിഷ വധക്കേസ്: പ്രതിയെ നേരിട്ട് ചോദ്യംചെയ്യൽ പൂർത്തിയായി
text_fieldsകൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്ലാമിനെ കോടതി നേരിട്ട് ചോദ്യംചെയ്യുന്ന നടപടി പൂർത്തിയായി. ക്രിമിനൽ നടപടിക്രമം 313 പ്രകാരമുള്ള നടപടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി രണ്ടുദിവസംകൊണ്ടാണ് പൂർത്തിയാക്കിയത്.
തെളിവില്ലെങ്കിൽ പ്രതിയെ കുറ്റമുക്തനാക്കാവുന്ന ക്രിമിനൽ നടപടിക്രമം 232ാം വകുപ്പ് പ്രകാരമുള്ള നടപടിയിന്മേലുള്ള വാദമാകും ബുധനാഴ്ച നടക്കുക. കുറ്റം ചുമത്താവുന്ന ഒരു തെളിവും പ്രോസിക്യൂഷൻ ഹാജരാക്കിയില്ലെങ്കിൽ പ്രതിഭാഗത്തിന് ഇത് ചൂണ്ടിക്കാണിക്കുകയും ജഡ്ജിക്ക് ഉചിതമെന്ന് തോന്നിയാൽ പ്രതിയെ കുറ്റമുക്തനാക്കുകയും ചെയ്യാവുന്നതാണ് ഇൗ നടപടി. പ്രതിഭാഗം തെളിവെടുപ്പാകും വിചാരണയുടെ അടുത്ത ഘട്ടമായി നടക്കുക. ഇതുവരെ പ്രതിഭാഗം വിസ്തരിക്കുന്ന സാക്ഷികളുടെ പട്ടിക കൈമാറിയിട്ടില്ല.
നേരിട്ടുള്ള ചോദ്യംചെയ്യലിൽ ആകെ 921 ചോദ്യങ്ങളാണ് കോടതി അമീറുൽ ഇസ്ലാമിനോട് ചോദിച്ചത്. സാക്ഷിവിസ്താരത്തിനിടെ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചോദ്യങ്ങളാണിവ. ആരോപിക്കപ്പെട്ട മുഴുവൻ കുറ്റങ്ങളും പ്രതി കോടതി മുമ്പാകെ നിഷേധിച്ചു. നേരത്തേ, പ്രോസിക്യൂഷൻ എസ്.പി എസ്. ശശിധരൻ അടക്കം 100 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കുറ്റപത്രത്തിനൊപ്പം സമർപ്പിച്ച 290 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.
