13ാം തവണ ജയറാം പ്രമാണി; കൊട്ടിക്കയറി പവിഴമല്ലിത്തറ മേളം
text_fieldsചോറ്റാനിക്കര ക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളത്തിൽ ജയറാം ചെണ്ട കൊട്ടുന്നു
ചോറ്റാനിക്കര: 13ാം തവണ ജയറാം പ്രമാണിയായി പവിഴമല്ലിത്തറയിൽ അരങ്ങേറിയ പഞ്ചാരിമേളം ഭക്തിയുടെയും കലാവൈഭവത്തിന്റെയും അപൂർവ സംഗമമായി. ചുറ്റുമുള്ള പഞ്ചായത്തുകളിൽ കനത്ത മഴ പെയ്തിറങ്ങിയപ്പോഴും ചോറ്റാനിക്കര ക്ഷേത്രമുറ്റത്ത് പെയ്തത് പഞ്ചാരിയുടെ താളമഴ. പ്രത്യേകം സജ്ജീകരിച്ച ബാരിക്കേഡിനുള്ളിൽ മഴയുടെ അലോസരമില്ലാതെ ക്ഷേത്രപരിസരത്ത് മേളം ആസ്വദിക്കാനായത് ഭക്തർക്കും ആസ്വാദകർക്കും വേറിട്ട അനുഭവമായി. ഭക്തർക്ക് ഇതോടെ ക്ഷേത്രദർശനവും സുഗമമായി.
മേളം അവസാനിച്ചപ്പോൾ മഴയും എത്തി. രാവിലെ ഒമ്പതിന് ഹൈക്കോടതി ജസ്റ്റിസ് മുരളി പുരുഷോത്തമൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ, ബോർഡ് അംഗം അഡ്വ. കെ.പി. അജയൻ, കെ.കെ. സുരേഷ് ബാബു തുടങ്ങിയവർ നിലവിളക്ക് തെളിച്ചാണ് മേളത്തിന് തുടക്കമിട്ടത്. 151ലേറെ കലാകാരന്മാർ അണിനിരന്നു.
തിരുമറയൂർ ഗിരിജന്മാരാർ ഇടന്തലയിൽ നിന്ന മേളത്തിൽ ശങ്കരൻ കുളങ്ങര രാധാകൃഷ്ണൻ, കുറൂർ ബാലൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖ കലാകാരന്മാർ പങ്കെടുത്തു. ഇലത്താളത്തിൽ പാഞ്ഞാൽ വേലുക്കൂട്ടിയും കുറുങ്കുഴലിൽ അനിലും കൊമ്പിൽ മച്ചാട് ഹരിയും ചേർന്നപ്പോൾ പഞ്ചാരിയുടെ താളവിസ്മയം കൂടുതൽ ഹൃദ്യമായി.

