വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ചു; പി.ടി.എ പ്രസിഡന്റിനെതിരെ പോക്സോ കേസ്
text_fieldsഅടൂർ: യൂനിഫോം ധരിച്ചില്ലെന്ന പേരിൽ ക്ലാസ് മുറിയിൽ കയറി ഏഴാം ക്ലാസ് വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ച പി.ടി.എ പ്രസിഡന്റിനെതിരെ പോക്സോ കേസ്. കടമ്പനാട് കെ.ആർ.കെ.പി.എം.ബി.എച്ച്.എസിലെ പി.ടി.എ പ്രസിഡന്റ് എസ്. രാധാകൃഷ്ണനെതിരെയാണ് കുട്ടിയുടെ പരാതിയിൽ ഏനാത്ത് പൊലീസ് കേസെടുത്തത്. സി.പി.ഐ നേതാവായ ഇയാൾ കടമ്പനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്.
രണ്ട് കുട്ടികൾ യൂനിഫോം ധരിച്ചിട്ടില്ലെന്ന് പറഞ്ഞ് അധ്യാപിക പി.ടി.എ പ്രസിഡന്റിനെ വിളിച്ചു വരുത്തുകയും തുടർന്ന് ഇയാൾ ഈ കുട്ടികളെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിൽ ഒരാളെ ഇരുത്തിയശേഷം ഇരയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ചു. മുമ്പും ഇതേ അധ്യാപികയുടെ സാന്നിധ്യത്തിൽ ഇയാൾ കുട്ടിയോട് അശ്ലീലമായി അപഹസിച്ചിട്ടുണ്ട്.
കുട്ടി വീട്ടിൽ എത്തി വിവരം രക്ഷിതാക്കളോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച അടൂർ ജനറൽ ആശുപത്രിയിൽ വിദ്യാർഥിയെ എത്തിച്ച് പരിശോധന നടത്തി. അധ്യാപികക്കെതിരെയും നടപടി എടുക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

